District News
കൊച്ചി: ആയുർവേദവും മെഡിക്കൽ ടൂറിസവും കേരളത്തെ ആഗോള ഹബാക്കുമെന്നു മന്ത്രി പി. രാജീവ്. കേരളത്തിന്റെ തനത് ചികിത്സാ രീതിയായ ആയുർവേദത്തെ ആധുനിക വൈദ്യശാസ്ത്രവുമായി സമന്വയിപ്പിച്ച് സംസ്ഥാനത്തെ സമ്പൂർണ ആരോഗ്യ ടൂറിസം കേന്ദ്രമായി മാറ്റാനാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) കേരള സംഘടിപ്പിക്കുന്ന ഹെൽത്ത് ടൂറിസം ആൻഡ് ഗ്ലോബൽ ആയുർവേദ സമ്മിറ്റും എക്സ്പോ 2025ഉം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ആയുർവേദ സമ്പദ്വ്യവസ്ഥ നിലവിലെ 15,000 കോടി രൂപയിൽ നിന്ന് 2031ഓടെ 60,000 കോടി രൂപയായി വർധിക്കുമെന്ന് സിഐഐ ഗ്ലോബൽ ആയുർവേദ സമ്മിറ്റ് ചെയർമാനും ധാത്രി ആയുർവേദ എംഡിയുമായ ഡോ. സജികുമാർ പറഞ്ഞു.
ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കോട്ടേച്ച, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ എംഡി ഡോ. പി.വി. ലൂയിസ്, സിഐഐയുടെ ദക്ഷിണ മേഖലാ ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ്, ആസ്റ്റർ മെഡ്സിറ്റി സിഇഒ നളന്ദ ജയദേവ്, സിഐഐ കേരള ചെയർമാൻ വികെസി റസാഖ് എന്നിവർ പ്രസംഗിച്ചു. അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെന്ററിൽ സിഐഐ കേരള ചാപ്റ്റർ, ആയുഷ് മന്ത്രാലയം, കേരള സർക്കാർ എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ 16 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ഇന്നു സമാപിക്കും.
District News
ആലുവ: മയക്കുമരുന്നിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് മന്ത്രി പി. രാജീവ്. ലഹരിക്കെതിരെ എറണാകുളം റൂറൽ ജില്ലാ പോലീസ് നടപ്പാക്കുന്ന ഉദയം പ്രോജക്ട് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന മയക്കുമരുന്ന് കേസുകളിലെ തൊണ്ണൂറ്റിയെട്ട് ശതമാനം പ്രതികൾക്കും ശിക്ഷ വാങ്ങിക്കൊടുക്കാൻ പോലീസ് സംവിധാനത്തിന് സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആലുവ വൈഎംസിഎ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി എം. ഹേമലത അധ്യക്ഷത വഹിച്ചു. ഉദയം പദ്ധതിയുടെ ലോഗോ പ്രകാശനം അൻവർ സാദത്ത് എംഎൽഎ നിർവഹിച്ചജു. റേഞ്ച് ഡിഐജി എസ്. സതീഷ് ബിനോ മുഖ്യപ്രഭാഷണം നടത്തി. നടൻ ടിനി ടോം, പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ, അഡീഷണൽ എസ്പി എം. കൃഷ്ണൻ, ഡിവൈഎസ്പിമാരായ ടി.ആർ. രാജേഷ്, ജെ. ഉമേഷ് കുമാർ, ബിജോയ് ചന്ദ്രൻ, എസ്. ജയകൃഷ്ണൻ, വി.ടി. ഷാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഡോ. പി.ജെ. സിറിയക്, ഫ്രാൻസിസ് മൂത്തേടൻ, കെ.ആർ. അനീഷ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ലഹരിക്കെതിരെ ഉണരാം,ജീവിക്കാം,വിജയിക്കാം എന്ന സന്ദേശം ഉയർത്തി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്കാണ് ജില്ലയിൽ തുടക്കംകുറിച്ചത്.